സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു എന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഏറെ ഉദ്ധരിക്കപ്പെട്ട വാക്യമാണ്. സദസ്സറിഞ്ഞുവേണം സംസാരിക്കാന്‍ എന്നാണ് നമ്മുടെ കാലത്തെ കമ്യൂണിസ്റ്റുനേതാവ് ഉപദേശിക്കുന്നത്. ഇവയ്ക്കിടയിലെ ദൂരം ഇന്ന് സി.പി. എം. എവിടെയെത്തി എന്നതിന്റെ കൂടി സൂചികയായി കാണാം.
ഓരോ കാലഘട്ടത്തിലെയും ഭരിക്കുന്ന ആശയങ്ങള്‍ എല്ലായ്പ്പോഴും അന്നന്നത്തെ ഭരണാധികാരി വര്‍ഗത്തിന്റെ ആശയങ്ങളായിരിക്കും എന്നും മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടുന്നു. ഓരോ കാലത്തെയും സാമാന്യബോധവും സദസ്സിന്റെ ബോധവും ഭരണവര്‍ഗങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിനര്‍ഥം.കമ്യൂണിസ്റ്റുകാരുടെ ചുമതലയാകട്ടെ വിപ്ലവകരമായ ഇടപെടലാണ്.
അതിനാല്‍ ഭരണവ്യവസ്ഥയ്ക്ക് അപ്രിയമായ സത്യങ്ങള്‍ ഏറെ പറയേണ്ടിവരുന്നത് കമ്യൂണിസ്റ്റുകാര്‍ക്കായിരിക്കും. ക്രിസ്തീയ മതമേധാവിത്വത്തിനെതിരെ കടുത്തഭാഷയില്‍ കടന്നാക്രമണം നടത്തിക്കൊണ്ട് രംഗപ്രവേശം ചെയ്ത യുവഹെഗേലിയന്‍മാരില്‍പ്പെട്ടവരായിരുന്നു കാള്‍മാര്‍ക്സും വോയര്‍ബാഹുമെല്ലാം. ഇവര്‍ക്ക് മതയാഥാസ്ഥിതികത്വത്തിന്റെ പലതരം ഭീഷണികളും നേരിടേണ്ടിവന്നു. കമ്യൂണിസത്തിനെതിരെ പോപ്പും സാര്‍ ചക്രവര്‍ത്തിയും ഫ്രഞ്ചു റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസ് ചാരന്മാരുമെല്ലാം രൂപപ്പെടുത്തിയ പാവനസഖ്യത്തെ മാര്‍ക്സും എംഗല്‍സും തുറന്നുകാണിച്ചു.
അഹിതകരമായ അഭിപ്രായപ്രകടനം നടത്തിയ മാര്‍ക്സിനെയും കൂട്ടരെയും നേരിടണമെന്ന പാവനസഖ്യ തീരുമാനത്തെ ന്യായീകരിക്കുന്നതാണ് പിണറായി വിജയന് ഇപ്പോള്‍ അവതരിപ്പിക്കുന്ന വാദമുഖം. ക്രിസ്തുവിനെ വിമര്‍ശിച്ചാല്‍ ക്രിസ്തുമതാനുയായികളും അല്ലാഹുവിനെ വിമര്‍ശിച്ചാല്‍ഇസ്ലാംമതാനുയായികളും ചെയ്യാന്‍ ഇടയുള്ളതേ തങ്ങളുടെ നേതാക്കളെ വിമര്‍ശിച്ചപ്പോള്‍ മാര്‍ക്സിസ്റ്റനുഭാവികളും ചെയ്തിട്ടുള്ളൂ എന്നത് അത്ര നിഷ്കളങ്കമായ വാദമേയല്ല.
ശരി-അത്ത് വിവാദത്തിനിടെ ഇ. എം. എസ്സിന് കേള്‍ക്കേണ്ടിവന്ന പഴികള്‍ക്കും നേരിടേണ്ടിവന്ന ഭീഷണികള്‍ക്കും നീതീകരണമായിത്തീരുന്നുണ്ട് പിണറായി വിജയന്റെ പുതിയ വാദം. അല്ലാഹുവിന്റെ വാക്യങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കുണ്ട് അധികാരം? എന്ന മതമൗലികവാദികളുടെ ചോദ്യം തന്നെയാണ് ഇവിടെ ഉച്ചത്തില്‍ മുഴങ്ങുന്നത്.
ഇങ്ങനെയൊക്കെ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ നാം ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. നമ്മുടെ നവോത്ഥാനാനുഭവങ്ങളില്‍ അവിസ്മരണീയവും വിസേ്ഫാടനാത്മകവുമായ സംഭാഷണങ്ങളും പ്രഭാഷണങ്ങളും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറയാന്‍ സി. കേശവനും അതുതന്നെ മറ്റു വാക്കുകളില്‍ അവതരിപ്പിക്കാന്‍ വാഗ്ഭടാനന്ദന്, വി. ടി. ഭട്ടതിരിപ്പാട് എന്നിവര്‍ക്കും ചങ്കൂറ്റമുണ്ടായി.
പ്രതിഷ്ഠയെ അലക്കുകല്ലാക്കുമെന്ന് വെല്ലുവിളിക്കാന്‍ ഇ. വി. രാമസ്വാമി നായ്ക്കരുണ്ടായി. അതൊന്നും ദൈവത്തോടുള്ള അടങ്ങാത്ത കലിയായിരുന്നില്ലെന്ന് അന്നും ഇന്നും ജനങ്ങള്‍ക്കറിയാം. മതപൗരോഹിത്യവും അധികാരശക്തിയും അടിച്ചേല്‍പ്പിച്ച വ്യവസ്ഥയുടെ പൊരുത്തക്കേടുകള്‍ക്കെതിരായ കലാപമായിരുന്നു അത്. യാഥാസ്ഥിതിക പക്ഷത്തിന്റെ പൊതുബോധത്തിന് നിരക്കുംവിധമാണ് ആശയസമരം നടത്തേണ്ടത് എന്ന് മേല്‍പ്പറഞ്ഞ മഹാരഥന്മാര് കരുതിയിട്ടില്ല.
സക്കറിയ പയ്യന്നൂരിലെ പുസ്തകപ്രകാശന വേദിയില്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരെ അവഹേളിക്കുംവിധം സംസാരിച്ചുവെന്ന് കരുതാന്‍ ന്യായമില്ല. അങ്ങനെയായിരുന്നെങ്കില്‍ അധ്യക്ഷത വഹിച്ച പി. അപ്പുക്കുട്ടന് ആ വേദിയില്‍ തന്നെ അതു തിരുത്തുമായിരുന്നു. അധ്യക്ഷമര്യാദകളില്‍പ്പെട്ട ഒന്നാണത്. ആ പരിപാടിയില്‍ പങ്കെടുത്ത സി. വി. ബാലകൃഷ്ണനും എന്‍. ശശിധരനും പറഞ്ഞത് അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല.
ഉണ്ണിത്താനെ പിടികൂടുന്നതില്‍ ഡി.വൈ. എഫ്. ഐ. അമിതാവേശം കാണിച്ചു എന്നാണല്ലോ സക്കറിയയുടെ വിമര്‍ശനം. ലൈംഗികത സംബന്ധിച്ച വികസിച്ച കാഴ്ചപ്പാടുള്ളവരാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നദ്ദേഹം കരുതിയിരിക്കണം. കുടുംബം, സ്വകാര്യസ്വത്ത്,ഭരണകൂടം എന്നിവയുടെ ഉത്ഭവം സംബന്ധിച്ചു പരിശോധിക്കുമ്പോള്‍ എംഗല്‍സ് പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും പുതുമയുള്ളതാണ്. സക്കറിയയുടെ നിരീക്ഷണങ്ങളോട് അസംതൃപ്തി കാണിച്ചവര്‍ സ്വവര്‍ഗലൈംഗികതയെ സാധൂകരിക്കുംവിധം എം.എ. ബേബി ഒരഭിമുഖത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല .
ഇത്തരത്തില്‍ സ്വതന്ത്രലൈംഗികതയുടെ സംസ്കാരവും പാഠ്യക്രമവുമുള്ള ഒരു അമേരിക്കന്‍ സര്‍വകലാശാലയുമായി കരാറുണ്ടാക്കിയ കേരളസര്‍വകലാശാലയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച എസ്.സുധീഷിനെയാണ് സി.പി.എം. നേരിട്ടത്. കേരള സര്‍വകലാശാലയ്ക്കെതിരെ അന്ന് യുവജനരോഷം ഇരമ്പിയിട്ടില്ല. അന്നും ഇന്നും പ്രശ്നം ലൈംഗികതയല്ലെന്നു വ്യക്തം. രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെട്ടു എന്ന സക്കറിയയുടെ നിരീക്ഷണത്തോടു നമുക്കു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഇതു പറയാന്‍ സക്കറിയ ഉപയോഗിച്ച ഭാഷ ഏതായാലും കൈയേറ്റത്തിന് അത് ന്യായീകരണമാകുന്നില്ല.
സി.പി.എമ്മിന്റെ സാമ്രാജ്യത്വാനുകൂല നയങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോഴാണ് എം.എന്‍.വിജയനെ ശത്രുവായി മുദ്രയടിച്ചത്. പുരയ്ക്കുമേല്‍ ചാഞ്ഞ മരം എന്നാണ് വിജയനെ പാര്‍ട്ടി നേതൃത്വം വിശേഷിപ്പിച്ചത്. അതില്‍ പറയാതെ വിട്ട വാക്യഭാഗം ധ്വനിച്ചുനില്‍ക്കുന്നുണ്ട്. മരം പുരയ്ക്കുമേല്‍ ചാഞ്ഞാല്‍ എന്താണ് ചെയ്യുക? വെട്ടിക്കളയുകതന്നെ. ഇത് കൈയേറ്റത്തിനുള്ള സമ്മതപത്രമാകുന്നു. എസ്.സുധീഷിനെ ജനങ്ങള്‍ നേരിടണമെന്നും ഇതേ കൗശലത്തോടെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു.
ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന സിഖ് വേട്ടയെ ന്യായീകരിക്കും വിധം വന്മരങ്ങള് വീഴുമ്പോള്‍ ചില ആഘാതങ്ങളൊക്കെയുണ്ടാകും എന്ന അഭിപ്രായ പ്രകടനം നിര്‍വഹിച്ച അതേ ദൗത്യമാണ് പുരയ്ക്കുമേല്‍ ചാഞ്ഞ മരം, സദസ്സറിഞ്ഞു സംസാരിക്കുക തുടങ്ങിയ പ്രയോഗങ്ങളിലൂടെയും നിര്‍വഹിക്കപ്പെടുന്നത്. അഭിപ്രായം പറയാന്‍ സക്കറിയയ്ക്കെന്നപോലെ കേട്ടിരിക്കുന്നവര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ടി.ശിവദാസമേനോന്റെ പ്രസ്താവനയ്ക്കും ഒരക്രമ ധ്വനിയുണ്ട്.
വി.എസ്.അച്യുതാനന്ദനെതിരെ കെ.ഇ.എന്‍. ഉറഞ്ഞുതുള്ളിയപ്പോഴും എം. എന്‍.വിജയനെതിരെ ഏതു സിന്‍ഡിക്കേറ്റിനെയും വെല്ലുംവിധം ലേഖന പരമ്പര പ്രസിദ്ധീകരിച്ചപ്പോഴും സെബാസ്റ്റ്യന്‍ പോളിനെയും ഗോപാലകൃഷ്ണനെയും വെല്ലുവിളിച്ചപ്പോഴും സദസ്സിനെ സംബന്ധിച്ച ബോധം പ്രകടിപ്പിച്ചു കണ്ടില്ലല്ലോ. പാര്‍ട്ടി വിടുകയും ഭിന്നാഭിപ്രായം പറയുകയും ചെയ്ത അധിനിവേശ പ്രതിരോധ സമിതി സെക്രട്ടറി കെ. എസ്. ഹരിഹരനെ കോഴിക്കോട് നഗരമധ്യത്തില്‍ വെച്ച് ആക്രമിച്ചതും ഈ പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
സദസ്സിനും പൊതുബോധത്തിനും നിലവിലുള്ള ഭരണവ്യവസ്ഥയ്ക്കും നിരക്കുന്നതേ ചെയ്യാവൂ എന്ന് സി. പി. എം. പറയുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന നിലവിട്ട് അത് ഭരണവര്‍ഗ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുകയാണ്. ഒരു ജനാധിപത്യ പാര്‍ട്ടിക്കും ഭൂഷണമല്ലാത്ത ഒരു നിലപാടാണത്.
ഇടതുപക്ഷ തീവ്രവാദത്തിനെ വാതോരാതെ എതിര്‍ത്തു പോരുന്ന പാര്‍ട്ടിയാണ് സി. പി.എം. സ്വന്തം പാര്‍ട്ടി പരിപാടിയിലെ ഭാഗം വായിച്ചു കേട്ടാല്‍പ്പോലും ഇടതുപക്ഷ തീവ്രവാദമാണ് എന്നു കരുതും വിധം വലതുപക്ഷത്തു നിലയുറപ്പിക്കുകയും തീവ്രവാദികളുടെ ഉന്മൂലന സിദ്ധാന്തത്തെ പിന്‍പറ്റുകയുമാണ് ആ പാര്‍ട്ടി. ഭിന്നാഭിപ്രായം പറയുന്നവരെ ഒതുക്കുക, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കൈയേറ്റം ചെയ്യുക, പാര്‍ട്ടി വിട്ടവരെ സാമൂഹികമായി ബഹിഷ്കരിക്കാന്‍ പ്രേരിപ്പിക്കുക, അക്രമം അഴിച്ചുവിടുക എന്നിങ്ങനെ തീവ്ര നിലപാടുകളാണ് അവര്‍ പിന്തുടരുന്നത്. എന്തിനെപ്പറ്റിയും പറയാം ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി വേണ്ട എന്നത്രെ നിലപാട്. അതിനാല്‍ ഉറക്കെ പറയാന്‍ ഭയമുള്ളവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് എന്ന സ്വകാര്യ അവസരത്തിനാണ് കാത്തിരിക്കുന്നത്.
ജാതി-മത-സമുദായങ്ങളെല്ലാം തള്ളിപ്പറയുകയും ദൈവനിഷേധികളെന്നും മതവിരുദ്ധരെന്നും ആക്ഷേപിക്കപ്പെടുകയും ചെയ്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്തവിധം വിശ്വാസപ്രശ്നം ഇപ്പോള്‍ പാര്‍ട്ടിയെ വേട്ടയാടുന്നതെന്തുകൊണ്ടാണ്? അബ്ദുള്ളക്കുട്ടിയും മനോജും ഉയര്‍ത്തിയ പ്രശ്നം പാര്‍ട്ടിക്കാര്‍ക്കാണ് ഇപ്പോള്‍ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തതെന്നു ബോധ്യപ്പെടുത്തുന്നു. ദൈവനിഷേധികളെന്ന് ഏറെ പഴികേട്ട കാലത്താണ് ലോകത്തെങ്ങും ലക്ഷക്കണക്കിനാളുകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു പിറകില്‍ അണി നിരന്നത്. ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്നത് അന്നൊന്നും ആര്‍ക്കും തടസ്സമായില്ല.
വിശ്വാസത്തെത്തന്നെ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നേടിക്കൊടുക്കാന്‍ പാര്‍ട്ടി കാണിച്ച സമരോത്സുകതയാണ് വിശക്കുന്നവന്റെ മുന്നില്‍ അപ്പം എന്നപോലെ ദരിദ്രന്റെയും തൊഴില്‍രഹിതന്റെയും തൊഴിലാളിയുടെയും മുന്നില്‍ ദൈവമായി മാറാന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പ്രാപ്തമാക്കിയത്. അപ്പോള്‍ ദൈവവിശ്വാസം വ്യക്തിനിഷ്ഠവും പൊതു രാഷ്ട്രീയജീവിതത്തില്‍ അപ്രധാനവുമായിത്തീരുകയായിരുന്നു.
സമീപഭൂതകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ സമരോത്സുകത നഷ്ടമാവുകയും അവര്‍ അധീശമൂല്യങ്ങളുടെയും താത്പര്യങ്ങളുടെയും സംരക്ഷകരായി മാറുകയും ചെയ്തതോടെയാണ് അപ്രധാന വിഷയങ്ങള്‍ പാര്‍ട്ടിയില്‍ മുഖ്യവിഷയങ്ങളായി തലപൊക്കിത്തുടങ്ങിയത്. സമരപ്രസ്ഥാനങ്ങള്‍ ജീര്‍ണിച്ചാല്‍ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളെക്കാള്‍ അപകടം ചെയ്യും എന്നതാണനുഭവം.
ജാതി-മത ആചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കാനായില്ലെങ്കില്‍ കമ്യൂണിസത്തിന്റെ മൂലതത്ത്വമായ ഭൗതികവാദത്തെ ഉപേക്ഷിക്കലാകും ഫലം. അപ്പോഴതു കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാകും. പേരും കൊടിയും ഉപേക്ഷിക്കാത്തതുകൊണ്ട് അതത്ര എളുപ്പമല്ല. എന്നാല്‍ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ തത്ത്വങ്ങള്‍ സമരങ്ങളിലൂടെയും ഇതര സൈദ്ധാന്തിക-പ്രായോഗികാനുഭവങ്ങളിലൂടെയും പഠിപ്പിക്കാനും സാധിക്കുന്നില്ല.
ഇതാണ് സി.പി.എം. സ്വയം വരുത്തിവച്ച പ്രതിസന്ധി. ഇതിനെ മറികടക്കാനാവും വിധം ജനകീയസമരങ്ങളെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലതുപക്ഷപാത പിന്തുടരുന്ന സി.പി.എം. അങ്ങനെയും രക്ഷപ്പെടാന്‍ സാധ്യതയില്ല.
ക്രിസ്തീയസഭകള്‍ക്കു വന്നുപെട്ട പരിണതി എംഗല്‍സ് വിവരിക്കുന്നുണ്ട്. അത് ഇപ്പോഴത്തെ സി.പി.എമ്മിനും യോജിക്കുമെന്നതിനാല്‍ ഇവിടെ കുറിക്കട്ടെ. സമകാലീനമായ പിന്തിരിപ്പന് ശക്തികളെ എതിര്‍ത്തുകൊണ്ടാണ് ക്രിസ്തീയസഭ ആദ്യം ഉയര്‍ന്നു വന്നത്. അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങളില്‍നിന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് വളരെയേറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. അതു തന്നെയാണ് ആധുനിക തൊഴിലാളിവര്‍ഗത്തിന്റെയും സ്ഥിതി.
പില്ക്കാലത്താകട്ടെ ക്രിസ്തീയസഭയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ മറ്റേതു ലംഘിക്കപ്പെട്ടാലും സഭ പൊറുക്കും. പക്ഷേ, സ്വകാര്യസ്വത്തിന്റെ പരിശുദ്ധിയെ സംബന്ധിച്ച തത്ത്വം ലംഘിക്കപ്പെട്ടാല്‍ സഭ പൊറുക്കുകയില്ല. ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സ്ഥാപനമായി സഭ അധഃപതിച്ചു എന്നര്‍ഥം.
Saturday, January 23, 2010
Subscribe to:
Post Comments (Atom)
very good bhai..
ReplyDeleteThankss
Yesudasan Moses
Deonet Systems
http://www.deonetsys.com
well written!!!!
ReplyDeletecongrats
bijuachan